നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് സ്വാഗതം!
രുദ്രതാളം

സമൂഹത്തിന്റെ വിവിധ മേഖലകളിലേക്കുള്ള സ്ത്രീകളുടെ കടന്നു വരവിന്റെ മുന്നോടിയായി അഞ്ചുവർഷം മുൻപ് നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ജീവൻ നൽകിയ രുദ്രതാളം എന്ന പേരുള്ള ശിങ്കാരിമേള കൂട്ടായ്മ ഇന്ന് കേരളവും കടന്ന് തമിഴ്‌നാട്ടിലെത്തിയിരിക്കുകയാണ്. കൂട്ടായ്മയുടെ നിറവിൽ മേളം ഉയർത്തുന്ന സ്ത്രീ സാന്നിധ്യം ഇന്ന് നാട്ടിലെ സ്ഥിരം കാഴ്ചകളിൽ ഒന്നായി മാറിക്കഴിഞ്ഞിരിക്കുന്നു. കേരളത്തിന്റെ വിവിധ ഇടങ്ങളിൽ പരിപാടി അവതരിപ്പിച്ച  സംഘം ഇപ്പോൾ മാർത്താണ്ഡം ഉൾപ്പടെ തമിഴ്‌നാട്ടിൽ മൂന്നോളം പരിപാടികൾ അവതരിപ്പിച്ച സന്തോഷത്തിലാണ്.

സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന സ്ഥിരം പദ്ധതികളിൽ നിന്നും വേറിട്ട് നിൽക്കുന്നതാണ് നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ ഈ പുതിയ സംരംഭം. 2017ൽ ബ്ലോക്ക് പ്രസിഡന്റ ശ്രീ ബിജുവിന്റെ നേതൃത്വത്തിലാണ് ശിങ്കാരി മേളം ടീം എന്ന ആശയം ഉയർന്നുവന്നത്. 35 മുതൽ 67 വയസ്സ് വരെയുള്ള സ്ത്രീകളും ഈ കൂട്ടായ്മയുടെ ഭാഗമാണ്. 5 ഗ്രാമപഞ്ചായത്തുകളിൽ നിന്നും ശിങ്കാരിമേളം പഠിക്കാൻ താല്പര്യമുള്ള വനിതകളെ കണ്ടെത്തുകയും ഏകദേശം ഒരുവർഷത്തോളം നീണ്ടുനിന്ന പരിശീലനത്തിലൂടെ 23 പേരടങ്ങുന്ന ഒരു ടീമിനെ രൂപീകരിക്കുകയും ചെയ്തു. ശിങ്കാരിമേളം കലാകാരൻ മുരളീധരൻ നായരുടെ കീഴിൽ കരകുളം ഗ്രാമീണ പഠനകേന്ദ്രത്തിൽ വെച്ചായിരുന്നു പരിശീലനം. രൂപീകരിച്ച ശിങ്കാരിമേള ടീമിനായുള്ള വാദ്യോപകരണങ്ങളും യൂണിഫോമും ബ്ലോക്ക് പഞ്ചായത്ത് തന്നെയാണ്  നൽകിയത്. 

നെടുമങ്ങാട് ബ്ലോക്ക്‌ പഞ്ചായത്ത്‌