ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം
തിരുവനന്തപുരം ജില്ലയിലെ പ്രധാനപ്പെട്ട താലൂക്കുകളിൽ ഒന്നാണ് നെടുമങ്ങാട്. വിസ്തീർണ്ണത്തിലും ഭൗമശാസ്ത്രപരമായ കാര്യങ്ങളിലും വളരെ പ്രാധാന്യമർഹിക്കുന്ന ഒരു മലയോരപ്രദേശമാണ് നെടുമങ്ങാട് താലൂക്കിൽപ്പെട്ട നെടുമങ്ങാട് ബ്ലോക്ക്. ആനാട്, അരുവിക്കര, കരകുളം, പനവൂർ, വെമ്പായം എന്നീ പഞ്ചായത്തുകൾ ഇതിൽ ഉൾപ്പെടുന്നു. ചരിത്രമുറങ്ങുന്ന ഒട്ടനവധി സംഭവബഹുലമായ ഏടുകളുടെ ചുരുളഴിയുന്ന ഈ താലൂക്കിലെ തലസ്ഥാന ബ്ലോക്ക് ആണ് നെടുമങ്ങാട്.
നെടു+വൻ+കാട്=നെടുവൻകാട് എന്നും, നെടുവൻ എന്ന കാട്ടുകിഴങ്ങിന്റെ സമൃദ്ധി സമ്മാനിച്ചതാണ് നെടുമങ്ങാടെന്നും നെടുവൻ എന്ന ആദിവാസി ഭരണാധികാരിയുമായി ബന്ധപ്പെട്ടാണ് നെടുമങ്ങാടിന് ആ പേര് ലഭിച്ചത് എന്നുമൊക്കെയാണ് ഐതിഹ്യം.
1979 വരെ ഇന്നത്തെ നെടുമങ്ങാട് മുനിസിപ്പൽ പ്രദേശം നെടുമങ്ങാട് പഞ്ചായത്ത് എന്ന നിലയിൽ നെടുമങ്ങാട് ബ്ലോക്കിന് കീഴിൽ ആയിരുന്നു. ജാതിമത പരിഗണനകൾ കൂടാതെ ദേശീയ സ്വാതന്ത്ര്യത്തിന്റെ ചരിത്രത്തിൽ ഇന്നാട്ടിലെ ജനങ്ങൾ അണിനിരന്നിരുന്നു. അതിന്റെ ഉത്തമ ഉദാഹരണമാണ് മതസൗഹാർദ്ദത്തിലും മറ്റും പിൽക്കാലത്ത് തെളിഞ്ഞു കണ്ടത്. മഹാത്മാഗാന്ധി, ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമികൾ, വിനോബാ ഭാവ, ഇന്ദിരാഗാന്ധി, ഇഎംഎസ്, നെഹ്റു, അച്യുതമേനോൻ എന്നീ മഹാത്മാക്കൾ അവരുടെ സന്ദർശനത്താൽ നെടുമങ്ങാടിൻറെ മണ്ണിനെ ധന്യമാക്കിയിട്ടുണ്ട്.
സ്വാതന്ത്ര്യ സമര ചരിത്രത്തിൽ അവിസ്മരണീയരായ പൊന്നറ ശ്രീധർ, മുല്ലശ്ശേരി നാരായണപിള്ള കരകുളം കുഞ്ഞൻപിള്ള നെടുമങ്ങാട് എം.എ.ഖാദർ, എന്നിവരും മറ്റും നെടുമങ്ങാടിന്റെ പുരോഗമന ആശയങ്ങൾക്ക് വീര്യം പകർന്നിട്ടുള്ളവരാണ്.
കോതയെന്ന പുലയറാണി ഭരിച്ചിരുന്ന കൊക്കോതമംഗലം ഈ ബ്ലോക്കിൽപ്പെട്ടതാണ്. ഈ ഭരണം പിന്നെ പറിച്ചു നടപ്പെട്ടത് തിരുവനന്തപുരത്താണ് കോതറാണിയുടെ ഭരണകാലത്തിന്റെ ഓർമ്മകൾ ചരിത്രത്താളുകളിൽ ഇന്നുമുണ്ട്. വേണാടിന്റെ ചരിത്രത്തിലെ സുപ്രധാന സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച കോയിക്കൽ കൊട്ടാരവും ഉമയമ്മറാണിയുടെ ഭരണവും ഈ നാടിന്റെ പൗരാണിക പ്രൗഢിയുടെ ഭാഗമാണ്. കൊട്ടാരം സ്ഥിതി ചെയ്യുന്ന സ്ഥലം 1979 മുതൽ ബ്ലോക്കിൽ നിന്നും മാറി മുനിസിപ്പൽ പ്രദേശത്തായി.
1920ൽ ശ്രീ.എസ്.ജെ.നായർ ശ്രീമൂലം പ്രജാസഭയിൽ മെമ്പറായിരുന്ന കാലത്താണ് ആനാട് ഇരിഞ്ചയം സിൽക്ക് ഫാം സ്ഥാപിച്ചത്. ഈ ബ്ലോക്കിലെ ആദ്യത്തെ വ്യവസായ സംരംഭമാണിത്. പട്ടുനൂൽ പുഴുവിനെ വ്യാവസായികാടിസ്ഥാനത്തിൽ വളർത്താൻ ചൈനയിൽ നിന്നും പട്ടുനൂൽ പുഴുക്കളെ കൊണ്ടുവന്ന് നെടുമങ്ങാട് വെമ്പായം റൂട്ടിൽ താന്നിമൂട് ഭാഗത്ത് പത്തേക്കർ സ്ഥലത്ത് വ്യവസായം ആരംഭിച്ചു. ഈ സംരംഭത്തിൻറെ ഓർമ്മയായാണ് ഈ റോഡ് ഇപ്പോഴും താന്നിമൂട് സിൽക്ക് ഫാം റോഡ് എന്നറിയപ്പെടുന്നത്.
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ, ദേശവാഴികൾ, മതങ്ങളുടെയും ആരാധനാ സമ്പ്രദായങ്ങളുടെയും സ്വാധീനം, സ്വാതന്ത്ര്യസമരം, തൊഴിലാളി പ്രവർത്തനങ്ങൾ, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ, സാഹിത്യം, കല, ദൃശ്യ ശില്പ കലകളുടെ വളർച്ച, പ്രകൃതിക്ഷോഭങ്ങൾ, മഹാമാരികൾ, പൊതുവായ സാമ്പത്തിക പശ്ചാത്തലം ഇവയൊക്കെ ഇവിടത്തെ സംസ്കാരം രൂപപ്പെടുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
തമിഴ്നാട്ടിൽ നിന്നുള്ള ചില പ്രസിദ്ധ വൈദ്യന്മാരുടെ പിൻമുറക്കാർ ഇന്നും ബ്ലോക്ക് പഞ്ചായത്തിലെ വെമ്പായം പുല്ലൻപാറ പ്രദേശങ്ങളിൽ വസിക്കുന്നുണ്ട്. ബ്ലോക്ക് മേഖലയിലെ ആദ്യത്തെ പത്രം കരകുളം കെ.പി. യും എം.എ.ഖാനും ചേർന്ന് നടത്തിയ ‘ചെങ്കൊടി’ ആയിരുന്നു ഹൈക്കോടതി ജഡ്ജി ആയിരുന്ന ശ്രീ. ഗംഗാധരമേനോൻ 1949 ഈ ബ്ലോക്ക് മേഖലയിലെ എം.എൽ.എ. ആയിരുന്നു. ബ്ലോക്കിലെ ആദ്യ കമ്മ്യൂണിസ്റ്റ് സമ്മേളനം നടന്നത് 1951-ൽ ബ്ലോക്കിൽ ഉൾപ്പെട്ട വട്ടപ്പാറയിൽ ആയിരുന്നു. എൻ.എൻ പണ്ടാരത്തിൽ കോട്ടയം ഭാസി, കാട്ടായിക്കോണം വീ.ശ്രീധർ, കാട്ടായിക്കോണം സദാനന്ദൻ എന്നിവർ അതിൽ പങ്കെടുത്ത് സംസാരിച്ചു. ജില്ലയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് രക്തസാക്ഷിയായ എൻ.സി പാണി എന്നറിയപ്പെടുന്ന എൻ.ചക്രപാണി ഈ ബ്ലോക്കിലെ വട്ടപ്പാറ സ്വദേശിയായിരുന്നു.
കൃഷി മുഖ്യ തൊഴിൽ മാർഗ്ഗമായി സ്വീകരിച്ചിരുന്നവർ ആയിരുന്നു നെടുമങ്ങാട്ടെ ജനങ്ങൾ. നെൽകൃഷിയും, മരച്ചീനി കൃഷിയും, തെങ്ങു കൃഷിയും ആയിരുന്നു മുഖ്യകാർഷിക ഇനങ്ങൾ. മലമ്പ്രദേശങ്ങളിൽ സമൃദ്ധമായി വളർത്തിയിരുന്ന മരച്ചീനി, കുരുമുളക് എന്നീ ഉൽപ്പന്നങ്ങൾ സംഭരിക്കുന്നതിനായി കച്ചവടക്കാർ തെക്കൻ തിരുവിതാംകൂറിൽ നിന്നും നെടുമങ്ങാട്ട് എത്തിയിരുന്നു.
1959 ലെ കാർഷിക ബില്ല് കേരളത്തിലെ മറ്റ് രേഖകളെപോലെ നെടുമങ്ങാടിന്റെ കാർഷിക മേഖലയിലും വമ്പിച്ച മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. മലഞ്ചരക്ക് വിപണന രംഗത്ത് നെടുമങ്ങാട് വളരെ പഴക്കം ചെന്ന കാലം മുതൽ മുൻപന്തിയിലാണ്. ഇവിടെ നിന്നുമുള്ള മലഞ്ചരക്കുൽപ്പന്നങ്ങൾ ആലപ്പുഴ തുറമുഖം വഴി കയറ്റി അയച്ചിരുന്നു. അന്താരാഷ്ട്ര വിപണനരംഗത്തുപോലും വലിയൊരു സ്ഥാനമാണ് പൗരാണിക കാലം മുതൽ നെടുമങ്ങാട് വഹിച്ചു പോന്നിരുന്നത്.
നാളികേരം, കുരുമുളക്, അടയ്ക്ക എന്നിവ ധാരാളമായി ഉത്പാദിപ്പിച്ചുവന്നിരുന്നു. ഇവിടത്തെ മഹാഭൂരിപക്ഷം വരുന്ന ജനങ്ങളും അവരുടെ ജീവിതം സുഗമമായി മുന്നോട്ടു കൊണ്ടുപോയിരുന്നത് കാർഷിക മേഖല കൊണ്ട് തന്നെയായിരുന്നു. എന്നാൽ ഇന്ന് ഈ രംഗത്ത് ധാരാളം മാറ്റം വന്നിട്ടുണ്ട്. ജനങ്ങൾ കാർഷിക മേഖല വിട്ട് മറ്റ് തൊഴിലുകൾ തേടി പോയതും കാർഷിക മേഖലയിൽ പ്രതീക്ഷിച്ചതുപോലെ വരുമാന വർദ്ധനവുണ്ടാക്കാൻ സാധിക്കാതെ പോയതും ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ ഉൽപാദനം കുറയുന്നതിന് കാരണമായി.
നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിലെ അരുവിക്കര ഡാം, മണിദ്വീപ്, രാജപാത, തിരിച്ചിട്ടപ്പാറ, തിരിച്ചിട്ടൂർ ശിവ-വിഷ്ണുക്ഷേത്രം എന്നിവ അറിയപ്പെടുന്ന പ്രകൃതി രമണീയമായ വിനോദസഞ്ചാര മേഖലകളാണ്. കരകുളം, അരുവിക്കര, ചുള്ളിമാനൂർ ഭാഗങ്ങളിൽ നിന്ന് പഴയകാലങ്ങളിൽ ധാരാളം വൈഡൂര്യം ഖനനം ചെയ്യപ്പെട്ടിരുന്നു എന്നതും നെടുമങ്ങാടിൻറെ പ്രൗഢി വിളിച്ചോതുന്നു.
ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 1952 ഒക്ടോബർ 2ന് ഗാന്ധിജയന്തി ദിനത്തിൽ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് പ്രോഗ്രാം അഖിലേന്ത്യാതലത്തിൽ ഉദ്ഘാടനം ചെയ്യപ്പെട്ടു. അതിന്റെ ഭാഗമായാണ് വേങ്കവിളയിലെ കരിമ്പിൻകാവ് കേന്ദ്രമാക്കി പ്രവർത്തനം ആരംഭിച്ച നെടുമങ്ങാട് ബ്ലോക്ക്. ഓഫീസ് കെട്ടിട നിർമ്മാണത്തിനുള്ള ഭരണസമിതി അംഗീകാരം 26/12/1956 ന് ലഭിക്കുകയും 2/5/1957 ൽ കെട്ടിടം പണിപൂർത്തിയാക്കുകയും ചെയ്തു.
നെടുമങ്ങാട് ബ്ലോക്കിന്റെ ആദ്യത്തെ ബി.ഡി.ഒ ശ്രീ.വേലായുധൻ നായർ ആയിരുന്നു. ബ്ലോക്ക് മന്ദിരത്തിന്റെ ഉദ്ഘാടനം 1957-ൽ അന്നത്തെ കേന്ദ്ര സാമൂഹ്യ വികസന മന്ത്രി ശ്രീ. എസ്. കെ. പാട്ടീൽ നിർവഹിച്ചു. തദവസരത്തിൽ ആനാട് പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന ശ്രീ.കുഞ്ഞു കൃഷ്ണപിള്ള സംസ്ഥാന ചീഫ് സെക്രട്ടറി ശ്രീ.രാഘവചാരി ആദ്യത്തെ പഞ്ചായത്ത് ഡയറക്ടർ ശ്രീ.അബ്ദുൽസലാം എന്നിവർ പങ്കെടുക്കുകയുണ്ടായി.
1954 ൽ നിലവിൽ വന്ന നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ആനാട്, കരകുളം, അരുവിക്കര, വെമ്പായം തുടങ്ങിയ പഞ്ചായത്തുകൾ ഉൾപ്പെട്ടവയായിരുന്നു. ഇന്ന് പനവൂർ ഗ്രാമപഞ്ചായത്തും നെടുമങ്ങാട് ബ്ലോക്ക് പരിധിയിൽ ഉൾപ്പെട്ടുവന്നിട്ടുണ്ട്.
നെടുമങ്ങാട് ബ്ലോക്കിലെ ആദ്യത്തെ ആദ്യ അധ്യക്ഷൻ അഡ്വ. വി. ഭുവനേന്ദ്രൻ നായറും. വികസന സമിതി ചെയർമാൻ ശ്രീ.അഡ്വക്കേറ്റ് മുല്ലശ്ശേരി ഗോപാലകൃഷ്ണൻ നായറും ആയിരുന്നു. ത്രിതല പഞ്ചായത്ത് സംവിധാനം നിലവിൽ വന്നതോടെ ബ്ലോക്ക് പഞ്ചായത്തുകൾക്ക് തെരഞ്ഞെടുക്കപ്പെട്ട ഒരു ഭരണ സംവിധാനം നിലവിൽ വരികയുണ്ടായി. ആരംഭത്തിൽ ബ്ലോക്ക് തലത്തിൽ ജനകീയ സംവിധാനം സംബന്ധിച്ച് ധാരാളം ഭിന്ന അഭിപ്രായങ്ങൾ ഉടലെടുത്തുവെങ്കിലും ഇന്നിപ്പോൾ ബ്ലോക്ക് ഭരണസമിതികൾ നമ്മുടെ നാടിന്റെ വികസന പ്രവർത്തനങ്ങൾക്ക് വളരെ അനിവാര്യമായ ഒരു ഘടകമാണെന്ന് തെളിയിക്കപ്പെട്ടു കഴിഞ്ഞിരിക്കുകയാണ്.